ശരീരത്തിനെതിരായ കുറ്റ കൃത്യങ്ങൾ (OFFENCES AGAINST BODY)



ഐപിസി വകുപ്പ് 299 :
കുറ്റകരമായ നരഹത്യ
(IPC Section 299 : Culpable homicide )

>> മരണം ഉണ്ടാകണം എന്ന ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ മരണകാരണമാകുന്ന ദേഹോപദ്രവം ഏൽപ്പിക്കണമെന്ന്‌
ഉദ്ദേശത്തോടെയോ അല്ലെങ്കിൽ പ്രവൃത്തികൊണ്ട്‌ മരണം സംഭവിക്കും എന്നറിവോടെയോ ഒരാൾ ചെയ്യുന്ന പ്രവൃത്തി കാരണം മറ്റൊരാൾക്ക് മരണം സംഭവിക്കുന്നു   

ഉദാഹരണം : A എന്ന വ്യക്തി താൻ ചെയ്യുന്ന പ്രവർത്തി മൂലം മരണം ഉണ്ടാകും എന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു കുഴിയുടെ മുകളിൽ കമ്പുകളും കല്ലുകളും വിരിച്ച്‌ അതൊരു ഉറച്ച പ്രതലമാണെന്ന്‌ വരുത്തിത്തീർക്കുന്നു. അതുവഴി വന്ന B  കുഴിയിൽ വീണു  മരിക്കുന്നു. A കുറ്റകരമായ നരഹത്യ ചെയ്തിരിക്കുന്നു.

>> ശാരീരിക ഉപദ്രവം മൂലം ഒരാൾക്ക്‌ മരണം സംഭവിക്കുകയും എന്നാൽ അയാൾക്ക്‌ കൃത്യസമയത്ത്‌ ചികിത്സ നൽകിയാൽ
രക്ഷപ്പെടുത്താമായിരുന്നുവെങ്കിലും അപ്രകാരം ചെയ്യാതെ മരണത്തിന്‌ കാരണക്കാരൻ ആയാൽ അയാൾ IPC വകുപ്പ് 299 പ്രകാരം ശിക്ഷിക്കപ്പെടും .

>> ഒരു വ്യക്തി ശാരീരിക അസ്വസ്ഥതകളോ രോഗമോ ശാരീരിക ബലഹീനത ഉള്ള ഒരാളുടെ മരണത്തെ തന്റെ പ്രവർത്തി മൂലം ത്വരിതപ്പെടുത്തിയാൽ അത് കുറ്റകരമായ നരഹത്യയാണ്‌ .

>> അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച്‌ കുഞ്ഞു മരണപ്പെട്ടാൽ നരഹത്യ ആകില്ല. എന്നാൽ കുഞ്ഞിന്റെ ഏതെങ്കിലും ശരീരഭാഗം വെളിയിൽ വന്നാൽ അത്‌ നരഹത്യ കുറ്റത്തിന്‌ വിധേയമാകുന്നതാണ്‌.

ഐപിസി വകുപ്പ്  300 :
കൊലപാതകം
(IPC Section 300 : Murder)

>> ഒരു  വ്യക്തിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയും മറ്റേതെങ്കിലും തരത്തിൽ ആ വ്യക്തിയുടെ ജീവന് ഹാനി സംഭവിപ്പിക്കത്തക്ക വിധം ആ വ്യക്തിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഏതൊരു കുറ്റവും IPC വകുപ്പ് 300 പ്രകാരം കൊലപാതകമാണ്

ഉദാഹരണം :A മനഃപൂർവ്വം B ക്ക്  ഒരു മുറിവുണ്ടാക്കുന്നു . അത് അയാളുടെ മരണത്തിനു കാരണമാകുന്നു .പക്ഷെ B യുടെ മരണത്തിനു കാരണമാകാൻ A ഉദ്ദേശിച്ചിരുന്നില്ല എങ്കിലും A കൊലപാതക കുറ്റക്കാരനാണ് .

  • കുറ്റകരമായ നരഹത്യ കൊലപാതകം ആകാത്ത സാഹചര്യങ്ങൾ :-
  1. ഒരു വ്യക്തി പെട്ടെന്നുണ്ടായ പ്രകോപനത്താൽ ആത്മ നിയന്ത്രണം വിട്ട്‌ പ്രകോപനം ഉണ്ടാക്കിയ ആളിന്റെ മരണത്തിന്‌ ഹേതുവായാൽ കൊലപാതകം ആകുന്നില്ല.
    (കുറ്റവാളി ഒരാളെ കൊല്ലുന്നതിനു വേണ്ടി സ്വയം ഉണ്ടാക്കിയ പ്രകോപനമാകരുത്‌, അധികാരത്തെ നിയമപരമായി ഉപയോഗിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ നേരെയാകരുത്‌, സ്വയം രക്ഷക്കായി നിയമാനുസൃതം ചെയ്യുന്ന പ്രവർത്തി ആകരുത്‌ )

  2. കുറ്റക്കാരൻ സർക്കാർ ജോലിക്കാരനോ ടിയാളെ സഹായിക്കുന്ന ആളോ പൊതുജന നീതിക്കായി ചെയ്യുന്ന പ്രവർത്തിക്കിടയിൽ നിയമത്താൽ തനിക്ക്‌ നൽകിയ അധികാരത്തെ മറികടന്ന്‌ ഒരാളുടെ മരണം സംഭവിപ്പിക്കാൻ ഇടയാക്കുമ്പോൾ

  3. ഒരാൾ തന്റെ ജീവന്റെയോ സ്വത്തിന്റെയോ സുരക്ഷയ്ക്കായി മുൻകൂട്ടി നിശ്ചയിക്കാതെ നിയമത്താൽ തനിക്ക്‌ ലഭിച്ചിട്ടുള്ള അധികാരത്തെ മറികടന്ന്‌ ഒരാളുടെ മരണത്തിന്‌ കാരണമായാൽ

  4. പെട്ടെന്ന്‌ ഉണ്ടായ വഴക്ക്‌ കാരണം സംഭവിക്കുന്ന അടിപിടിയിലുള്ള കോപത്താൽ മുൻകൂർ ആലോചനയില്ലാതെ ഒരാളുടെ മരണത്തിനു കാരണമായാൽ

  5. 18 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തി തന്റെ സ്വന്തം സമ്മതത്തോടെ മരണം സഹിച്ച്‌ ഇരിക്കുന്ന അവസരത്തിൽ


ഐപിസി വകുപ്പ്  301 :
മരണം സംഭവിച്ച/ഉദ്ദേശിച്ച വ്യക്തിക്ക് പുറമെ മറ്റ് ആളുകളുടെ മരണത്തിന് കാരണമായ ക്രിമിനൽ നരഹത്യ
(IPC Section 301 : Culpable homicide by causing death of person other than person who death was intended)

>> ഒരുവ്യക്തി ആരുടെ മരണമാണോ ഉദ്ദേശിച്ചത്‌ അയാളല്ലാത്ത മറ്റൊരാളുടെ  മരണം സംഭവിപ്പിച്ചാൽ വകുപ്പ് 301 പ്രകാരം അയാൾ   കുറ്റകരമായ നരഹത്യ ചെയ്തിരിക്കുന്നു

ഐപിസി വകുപ്പ്  302 :
കൊലപാതകത്തിനുള്ള ശിക്ഷ
(IPC Section 302 : Punishment for murder )

>> കൊലപാതകം നടത്തുന്ന ഏതൊരു വ്യക്തിക്കും മരണശിക്ഷയോ , ജീവപര്യന്തം  തടവോ അല്ലെങ്കിൽ പിഴയോ നൽകി ശിക്ഷിക്കുന്നതാണ് .

ഐപിസി വകുപ്പ് 303 :
ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട ആൾ നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷ
(IPC Section 303 : Punishment for murder by life- convict)

>> ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന ഒരാൾ ആ കാലയളവിൽ മറ്റൊരു കൊലപാതകം ചെയ്‌താൽ അയാൾക്ക് മരണ ശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാണ്
(ഈ വകുപ്പ്‌ ഭരണഘടനയിലെ 14 ആം വകുപ്പ്‌ 21 ആം വകുപ്പ്‌ എന്നിവ നൽകുന്ന ആനുകൂല്യങ്ങൾ ലംഘിക്കുന്നതിനാൽ സുപ്രീംകോടതി റദ്ദ്‌ ചെയ്തു.)

ഐപിസി വകുപ്പ് 304 :
കൊലപാതകം ആകാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷ
(IPC Section 304 : Punishment for culpable homicide not amounting to murder )

>> ഒരു വ്യക്തി മരണം ഉണ്ടാകണമെന്നുള്ള ഉദ്ദേശത്തോടുകൂടിയോ അല്ലെങ്കിൽ മരണ കാരണമായേക്കാവുന്ന ദേഹോപദ്രവം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോട്‌ കൂടിയോ ചെയ്യുന്ന പ്രവർത്തി കൊണ്ട്‌ ഒരാൾക്ക്‌ മരണം സംഭവിക്കുന്നുവെങ്കിൽ വകുപ്പ് 304  പ്രകാരം  ശിക്ഷിക്കാവുന്നതാണ് .

ശിക്ഷ : ജീവപര്യന്തം തടവ്‌ ശിക്ഷയോ അല്ലെങ്കിൽ 10 വർഷം ആകാവുന്ന തടവ്‌ ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം

വിചാരണാ കോടതി :
സെഷൻസ്‌ കോടതി

>> ജാമ്യമില്ലാ വകുപ്പ്‌

ഐപിസി വകുപ്പ് 304 A :
ഉപേക്ഷയാൽ മരണം സംഭവിപ്പിക്കുന്നത്‌
(IPC Section 304 A : Causing death by negligence )

>> ഒരു വ്യക്തി കുറ്റകരമായ നരഹത്യ അല്ലാത്ത ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തി  കൊണ്ട്‌ ഒരാളുടെ മരണത്തിനു കാരണമായാൽ
അയാളെ വകുപ്പ് 304 A പ്രകാരം ശിക്ഷിക്കാവുന്നതാണ്  

ശിക്ഷ : രണ്ടു വർഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ഐപിസി വകുപ്പ് 304 B : സ്ത്രീധന മരണം
(IPC Section 304 B : Dowry death )

>> ഒരു സ്ത്രീ അവളുടെ വിവാഹം കഴിഞ്ഞ്‌ ഏഴു വർഷത്തിനുള്ളിൽ സ്ത്രീധനമാവശ്യപ്പെട്ട്‌ കൊണ്ടുള്ള ഭർത്താവിന്റെയോ, ഭർതൃ വീട്ടുകാരുടെയോ പീഡനം മൂലം പൊള്ളലേറ്റോ, മുറിവേറ്റോ അല്ലെങ്കിൽ സ്വാഭാവിക രീതിയിലല്ലാതെ മരണപ്പെടുകയോ ചെയ്‌താൽ  സ്ത്രീധന മരണം എന്ന്‌ കണക്കാക്കപ്പെടുന്നു.

ശിക്ഷ: ഏഴ്‌ വർഷം മുതൽ ജീവപര്യന്തം വരെ വിചാരണ

വിചാരണാ കോടതി :  സെഷൻസ്‌ കോടതി

>> ജാമ്യമില്ലാ വകുപ്പ്‌

ഐപിസി വകുപ്പ് 312 : ഗർഭം അലസിക്കൽ
(IPC Section 312: Causing of miscarriage )

>> ഒരു സ്ത്രീയുടെ ഗർഭം അവളുടെ ജീവൻ സംരക്ഷിക്കുമെന്നുള്ള ഉത്തമ വിശ്വാസത്തോടെ അല്ലാതെ സ്വമേധയാ അലസിപ്പിക്കുന്ന ഏതൊരു വ്യക്തിയും സെക്ഷൻ 312 പ്രകാരം ശിക്ഷിക്കപ്പെടുന്നതാണ് .

ശിക്ഷ : മൂന്നുവർഷം തടവോ  പിഴയോ രണ്ടും കൂടിയോ ലഭിക്കാം .
ഗർഭത്തിലുള്ള കുഞ്ഞിന്‌ ജീവൻ വെച്ചിട്ടുണ്ടെങ്കിൽ ശിക്ഷ ഏഴ്‌ വർഷം വരെ തടവോ  പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് .

വിചാരണാ കോടതി :   മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ഐപിസി വകുപ്പ് 313:
സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിക്കുന്നത്‌
(IPC Section 313 : Causing miscarriage without woman's consent )

>> ഒരു സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭത്തിലുള്ള കുഞ്ഞിന്‌ ജീവൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധപൂർവ്വം ഗർഭം അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും വകുപ്പ് 313  പ്രകാരം ശിക്ഷ ലഭിക്കുന്നതാണ്

ശിക്ഷ : ജീവപര്യന്തം തടവോ അല്ലെങ്കിൽ  10 വർഷത്തോളം വരെ ആകാവുന്ന തടവുശിക്ഷയോ  പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

വിചാരണാ കോടതി :  സെഷൻസ്‌ കോടതി

>> ജാമ്യമില്ലാ വകുപ്പ്‌

ഐപിസി വകുപ്പ് 314 :
ഗർഭം അലസിക്കണമെന്ന ഉദ്ദേശത്തോടുകൂടി ചെയ്യുന്ന കൃത്യം മരണം സംഭവിപ്പിക്കുന്നത്‌
(IPC Section 314 : Death caused by act done with intent to cause miscarriage )

>> ഗർഭചിദ്രം വരുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ചെയ്യപ്പെടുന്ന പ്രവർത്തി മൂലം ഒരു സ്ത്രീക്ക്‌ മരണം സംഭവിക്കുകയും അത്  സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ആണ് ചെയ്യുന്നതെങ്കിലും ശിക്ഷിക്കപ്പെടുന്നതാണ് .
 
ശിക്ഷ :സമ്മതത്തോടെയാണ്  ചെയ്തതെങ്കിൽ  പത്തുവർഷത്തോളം തടവ്‌ ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം
സ്ത്രീയുടെ സമ്മതമില്ലാതെ ചെയ്താൽ ജീവപര്യന്തം  തടവ്‌ ശിക്ഷ വരെ ലഭിക്കാവുന്നതാണ്‌.

ഐപിസി വകുപ്പ് 319 :
ദേഹോപദ്രവം
(IPC Section 319: Hurt  )

>> ഒരു വ്യക്തിക്ക്  ശാരീരിക വേദനയോ, രോഗമോ, ബലഹീനതയോ ഉണ്ടാക്കുന്ന ഏതൊരു വ്യക്തിയും  ദേഹോപദ്രവം ഏൽപ്പിക്കുന്നതായി  പറയപ്പെടുന്നു.

ഐപിസി വകുപ്പ് 320 :
കഠിനമായ ദേഹോപദ്രവം
(IPC Section 320 : Grievous hurt)

  • ഒരാൾ ചുവടെ ചേർത്തിരിക്കുന്ന ദേഹോപദ്രവം ചെയ്താൽ കഠിന ദേഹോപദ്രവം ചെയ്തതായി പറയപ്പെടും
  1. പുരുഷത്വം ഇല്ലാതാക്കുക
  2. ഏതെങ്കിലും കണ്ണിന്റെ കാഴ്ച സ്ഥിരമായി ഇല്ലാതാക്കുക
  3. ഏതെങ്കിലും ചെവിയുടെ കേൾവി സ്ഥിരമായി നഷ്ടപ്പെടുത്തുക
  4. ഒരു അവയവത്തിന്റെയോ സന്ധിയുടെയോ നാശമോ, സ്ഥിരമായ ബലഹീനതയോ ഉണ്ടാക്കുക
  5. ഏതെങ്കിലും അവയവമോ സന്ധിയോ ഇല്ലാതാക്കുക
  6. എല്ലിന്റെയോ പല്ലിന്റെയോ പൊട്ടലോ, സ്ഥിരമായ സ്ഥാനമാറ്റമോ ഉണ്ടാക്കിയാൽ
  7. തലക്കോ മുഖത്തോ സ്ഥിരമായ വൈകൃതമുണ്ടാക്കുന്നത്‌
  8. ജീവന് അപായമുണ്ടാക്കുന്നതോ,അല്ലെങ്കിൽ ദേഹോപദ്രവം അനുഭവിക്കുന്ന ആൾ 20 ദിവസം വരെ സാധാരണ ജീവിതം നയിക്കാൻ സാധിക്കാതെയും, തന്റെ ജോലി ചെയ്യാൻ പറ്റാതെയും വന്നാൽ അല്ലെങ്കിൽ 20 ദിവസം വരെ കഠിനമായ ശരീരവേദന ഉണ്ടാക്കിയാൽ

ഐപിസി വകുപ്പ് 321 :
സ്വമേധയാ  ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section 321 : Voluntarily causing hurt )

ഐപിസി വകുപ്പ് 322 :
സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section 322: Voluntarily causing Grievous hurt )

>> ഏതെങ്കിലുമൊരു വ്യക്തി ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നത് വഴി ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടെയോ ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന അറിവോടെയോ ആ പ്രവൃത്തി ചെയ്ത് കഠിനമായ ദേഹോപദ്രവം ഉണ്ടാകുകയാണെങ്കിൽ ആ വ്യക്തി സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതായി പറയപ്പെടുന്നു .

ഐപിസി വകുപ്പ് 323 :
സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ
(IPC Section 323 : Punishment for Voluntarily causing hurt (Noncognizable))

>> സെക്ഷൻ 334 (hurt on provocation) പ്രകാരമുള്ള കുറ്റകൃത്യം ഒഴികെ , തന്നിഷ്ടപ്രകാരം ദേഹോപദ്രവം ഏൽപ്പിക്കുന്ന ഏതൊരു വ്യക്തിയെയും ശിക്ഷിക്കാവുന്നതാണ്‌.

ശിക്ഷ : ഒരു വർഷത്തെ തടവ്‌ ശിക്ഷയോ , ആയിരം രൂപ പിഴയോ, രണ്ടും കൂടിയോ  ലഭിക്കാം .

ഐപിസി വകുപ്പ് 324 : അപായകരമായ ആയുധങ്ങളാലോ മാർഗങ്ങളിലൂടെയോ സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌ .
(IPC Section  324 : Voluntarily causing hurt by dangerous weapons or means)

>> സെക്ഷൻ 334 പ്രകാരമുള്ള കുറ്റകൃത്യത്തിനല്ലാതെ ഒരാൾ വെടിവയ്ക്കാനോ, കുത്താനോ വെട്ടാനോ ഉപയോഗിക്കുന്ന ഉപകരണം കൊണ്ടോ അല്ലെങ്കിൽ മനുഷ്യശരീരത്തിന്‌ ദോഷം സംഭവിക്കുന്ന എന്തെങ്കിലും വസ്തുക്കൾ കാരണമോ, ഒരു മൃഗത്തെ കൊണ്ട്‌ ദേഹോപദ്രവം
ഏൽപ്പിക്കുകയാണെങ്കിലോ ആ വ്യക്തി ശിക്ഷിക്കപ്പെടും

ശിക്ഷ : മൂന്നുവർഷത്തോളമാകുന്ന തടവ്‌ ശിക്ഷയോ പിഴയോ രണ്ടും കൂടിയോ  ലഭിക്കാം.

ഐപിസി വകുപ്പ് 325 :
സ്വമേധയാ  കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ
(IPC Section  325 : Punishment for Voluntarily causing Grievous hurt )

>> പ്രകോപനത്തിൽ സ്വമേധയാ  കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത് (സെക്ഷൻ 335)ഒഴികെ മറ്റു രീതികളിൽ ദേഹോപദ്രവം ഏൽപ്പിക്കുകയാണെങ്കിൽ ആ വ്യക്തി ശിക്ഷിക്കപ്പെടും .

ശിക്ഷ : 7 വർഷത്തോളം തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടിയോ  ലഭിക്കാം

ഐപിസി വകുപ്പ് 326 :
അപായകരമായ ആയുധങ്ങളാലോ മാർഗ്ഗങ്ങളിലൂടെയോ സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section  326 : Punishment for Voluntarily causing Grievous hurt by dangerous weapons or means)

>> സെക്ഷൻ 335 ഒഴികെ, കുറ്റകൃത്യത്തിനുള്ള ആയുധമായി ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണം ഉപയോഗിച്ചോ, തീ അല്ലെങ്കിൽ ചൂടാക്കിയ ഏതെങ്കിലും പദാർത്ഥം, വിഷം,  സ്ഫോടകവസ്തുക്കൾ കൊണ്ടോ  അല്ലെങ്കിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ ഏതെങ്കിലും പദാർത്ഥം ശ്വസിക്കുകയോ  വിഴുങ്ങുകയോ  രക്തത്തിലേക്ക് സ്വീകരിക്കുകയോ  അല്ലെങ്കിൽ ഏതെങ്കിലും മൃഗം മുഖേനയോ  സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കുന്നത് വകുപ്പ് 326  പ്രകാരം ശിക്ഷിക്കപ്പെടും.

ശിക്ഷ : ജീവപര്യന്തമോ അല്ലെങ്കിൽ 10  വർഷം തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടെയോ ലഭിക്കാം

വിചാരണാ  കോടതി: ഫസ്റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി

ഐപിസി വകുപ്പ് 326 A :
ആസിഡ്‌ മുതലായവ ഉപയോഗിച്ച്‌ സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section  326 A : Voluntarily causing Grievous hurt by use of acid)

>> ഒരാളുടെ ശരീരത്തിനോ ശരീര ഭാഗത്തിനോ സ്ഥിരമോ ഭാഗികമോ ആയ കേടുപാടുകളോ, രൂപ വൈകൃതമോ, പൊള്ളലോ, അവശതയോ ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി അയാളുടെ മേൽ ആസിഡ്‌ എറിഞ്ഞിട്ടോ, നിർബന്ധപൂർവ്വം ആസിഡ്‌ കുടിപ്പിച്ചിട്ടോ കഠിന ദേഹോപദ്രവം ഉണ്ടാക്കുകയാണെങ്കിൽ ആ വ്യക്തി ശിക്ഷിക്കപ്പെടും.

ശിക്ഷ: 10 വർഷം മുതൽ ജീവപര്യന്തംവരെ തടവ്‌ ശിക്ഷ ലഭിക്കുകയും കൂടാതെ പിഴശിക്ഷയും  വിധിക്കുന്നതുമാണ്‌.
ഇപ്രകാരം വിധിക്കുന്ന പിഴ ആസിഡ്‌ ആക്രമണത്തിന്‌ ഇരയായ വ്യക്തിക്ക്‌ നൽകുന്നതാണ്‌. പിഴ ടിയാളുടെ ചികിത്സയ്ക്ക്‌ ഉതകുന്നതായിരിക്കണം

വിചാരണാ കോടതി : സെഷൻസ്‌ കോടതി

>> ജാമ്യമില്ലാ വകുപ്പ്‌


ഐപിസി വകുപ്പ് 326 B :
സ്വേച്ഛയാ ആസിഡ്‌ എറിയുകയോ എറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്‌
(IPC Section  326  B : Voluntarily throwing or attempting to throw acid )

>> ഒരാളുടെ ശരീരത്തിനോ, ശരീര ഭാഗത്തിനോ സ്ഥിരമായോ ഭാഗികമായോ   കേടുപാടുകളോ, രൂപ വൈകൃതമോ പൊള്ളലോ അവശതയോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി അയാളുടെ മേൽ ആസിഡ്‌ എറിയുകയോ എറിയാൻ ശ്രമിക്കുകയോ നിർബന്ധപൂർവ്വം ആസിഡ്‌ കുടിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടും.

ശിക്ഷ: അഞ്ചു വർഷം മുതൽ ഏഴ്‌ വർഷം വരെ തടവ്‌ ശിക്ഷ ലഭിക്കുകയും കൂടാതെ പിഴ ശിക്ഷ വിധിക്കുന്നതുമാണ്‌.

വിചാരണാ കോടതി: സെഷൻസ്‌ കോടതി

>> ജാമ്യമില്ലാ വകുപ്പ്‌

ഐപിസി വകുപ്പ് 336 :
ജീവനോ മറ്റുള്ളവരുടെ വ്യക്തിപരമായ രക്ഷയ്ക്കോ അപായം ഉളവാക്കുന്ന കൃത്യം
(IPC Section  336 : Act endangering life or personal safety of others )

>> മനുഷ്യജീവനോ  അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ തിടുക്കത്തോടെയോ അശ്രദ്ധയോടെയോ എന്തെങ്കിലും പ്രവൃത്തി ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടും.

ശിക്ഷ: മൂന്ന് മാസം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ ഇരുനൂറ്റമ്പത് രൂപ പിഴ, അല്ലെങ്കിൽ രണ്ടും കൂടി.

ഐപിസി വകുപ്പ് 337 :
ജീവനോ മറ്റുള്ളവരുടെ വ്യക്തിപരമായ രക്ഷയ്ക്കോ അപായം ഉളവാക്കുന്ന പ്രവൃത്തിയാൽ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section 337 : Causing hurt by act endangering life or personal safety of others )

ശിക്ഷ : ആറുമാസം തടവോ അല്ലെങ്കിൽ അഞ്ഞൂറ് രൂപപിഴയോ അല്ലെങ്കിൽ രണ്ടും കൂടി.

ഐപിസി വകുപ്പ് 338 :
ജീവനോ മറ്റുള്ളവരുടെ വ്യക്തിപരമായ രക്ഷയ്‌ക്കോ അപായം ഉണ്ടാക്കുന്ന പ്രവൃത്തിയാൽ  കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section 338 :Causing grievous hurt by act endangering life or personal safety of others)

ശിക്ഷ: രണ്ട് വർഷം  തടവ് ശിക്ഷയോ  പിഴയോ അല്ലെങ്കിൽ  രണ്ടും കൂടിയോ .

ഐപിസി വകുപ്പ് 339 :
അന്യായമായ തടസ്സപ്പെടുത്തൽ
(IPC Section  339 : Wrongful restraint )

>> ഒരു വ്യക്തിക്ക്  പോകാൻ അവകാശമുള്ള ഏതെങ്കിലും ദിശയിലേക്ക് പോകുന്നത് തടയാൻ വേണ്ടി  ആരെങ്കിലും മനപ്പൂർവ്വം തടസ്സം സൃഷ്ടിച്ചാൽ  അന്യായമായി തടസ്സപ്പെടുത്തുന്നതായി പറയുന്നു.

ഐപിസി വകുപ്പ് 340 :
അന്യായമായ തടഞ്ഞു വെക്കൽ
(IPC Section  340 :  Wrongful confinement)

>> ഒരു നിശ്ചിത പരിധി വലയത്തിനു പുറത്തു പോകുന്നതിൽ  നിന്നും ഒരു വ്യക്തിയെ തടയത്തക്ക രീതിയിൽ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളും അന്യായമായി തടഞ്ഞു വയ്‌ക്കുന്നതായി പറയുന്നു  

ഐപിസി വകുപ്പ് 341 :
അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ
(IPC Section  341 : Punishment for Wrongful restraint )

ശിക്ഷ: ഒരു മാസം  തടവ് ശിക്ഷയോ  അഞ്ഞൂറ് രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ .

ഐപിസി വകുപ്പ് 342 :
അന്യായമായ തടഞ്ഞുവെക്കലിനുള്ള ശിക്ഷ
(IPC Section  342 : Punishment for Wrongful confinement)

ശിക്ഷ: ഒരു വർഷം വരെ തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ഐപിസി വകുപ്പ് 359 :
ആൾ മോഷണം
(IPC Section 359: Kidnapping)

>> ആൾ മോഷണം / തട്ടിക്കൊണ്ട് പോകൽ രണ്ടുതരം :

  1.  ഇന്ത്യയിൽ നിന്നുള്ള ആൾമോഷണം
  2. നിയമാനുസൃത രക്ഷാകർതൃത്വത്തിൽ നിന്നുള്ള ആൾമോഷണം


ഐപിസി വകുപ്പ് 360 :
ഇന്ത്യയിൽനിന്നുള്ള ആൾ മോഷണം
(IPC Section 360 : Kidnapping from India )

>> ഒരു  വ്യക്തിയുടെയോ അല്ലെങ്കിൽ ആ വ്യക്തിയുടെ പേരിൽ സമ്മതം നൽകാൻ നിയമപരമായി അധികാരമുള്ള ചിലരുടെയോ സമ്മതമില്ലാതെ ഇന്ത്യയുടെ പരിധിക്കപ്പുറത്തേക്ക് ആ വ്യക്തിയെ  എത്തിച്ചാൽ, ആ വ്യക്തിയെ ഇന്ത്യയിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നതായി  പറയപ്പെടുന്നു.

ഐപിസി വകുപ്പ് 361 :
നിയമാനുസൃത രക്ഷാകർതൃത്വത്തിൽ നിന്നുള്ള ആൾ മോഷണം
(IPC Section  361 : Kidnapping from lawful guardianship )

>> പതിനാറ് വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയോ  അല്ലെങ്കിൽ പതിനെട്ട് വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയോ അല്ലെങ്കിൽ മാനസിക അസ്വാസ്ഥ്യമുള്ള ഏതെങ്കിലും വ്യക്തിയെയോ നിയമാനുസൃത രക്ഷാധികാരികളിൽ നിന്ന് ഒഴിവാക്കുകയോ വശീകരിക്കുകയോ ചെയ്‌താൽ  നിയമാനുസൃത രക്ഷാകർതൃത്വത്തിൽ നിന്ന് തട്ടിക്കൊണ്ടുപോകുന്നതായി  പറയപ്പെടുന്നു.

ഐപിസി വകുപ്പ് 362 :
ആളപഹരണം
(IPC Section 362 : Abduction )

>> ബലപ്രയോഗത്തിലൂടെയോ ഏതെങ്കിലും വഞ്ചനാപരമായ മാർഗത്തിലൂടെയോ ഒരു വ്യക്തിയെ  ഏതെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ പ്രേരിപ്പിച്ചാൽ, ആ വ്യക്തിയെ ആളപഹരണം ചെയ്തതായി  പറയപ്പെടുന്നു.

ഐപിസി വകുപ്പ് 363 :
ആൾ മോഷണത്തിനുള്ള ശിക്ഷ
(IPC Section 363 : Punishment for Kidnapping )

>> ഇന്ത്യയിൽ നിന്നോ നിയമാനുസൃതമായ രക്ഷാകർതൃത്വത്തിൽ നിന്നോ ആരെയെങ്കിലും തട്ടിക്കൊണ്ടുപോകുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടും .

ശിക്ഷ  ഏഴ് വർഷം വരെ  തടവ് ശിക്ഷയും പിഴയും

ഐപിസി വകുപ്പ്  370 :

ആൾ വാണിഭം
(IPC Section 370 : Trafficking of person )

>> ഒരു വ്യക്തിയെയോ അല്ലെങ്കിൽ വ്യക്തികളെയോ ഭീക്ഷണിപ്പെടുത്തിയോ അല്ലെങ്കിൽ ബലംപ്രയോഗിച്ചോ ചതിയിലൂടെയോ തട്ടിക്കൊണ്ട് പോകലിലൂടെയോ അധികാര ദുർവിനിയോഗത്തിലൂടെയോ റിക്രൂട്ട് ചെയ്യുകയോ പാർപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്‌താൽ അയാൾ ആൾവാണിഭത്തിനു ശിക്ഷിക്കപ്പെടും

ശിക്ഷ: 7 മുതൽ 10  വർഷം വരെ  തടവ് ശിക്ഷയും പിഴയും
ഒന്നിലധികം വ്യക്തികളെയോ പ്രായപൂർത്തിയാകാത്ത കുട്ടികളെയോ  വ്യാപാരം ചെയ്തിട്ടുണ്ടെങ്കിൽ ജീവപര്യന്തം തടവ് ശിക്ഷയും പിഴയും ലഭിക്കും 

ഐപിസി വകുപ്പ് 370 A:

വാണിഭം ചെയ്യപ്പെട്ട ഒരാളെ ചൂഷണം ചെയ്യുന്നത്‌
(IPC Section  370 A  : Exploitation of a trafficking  person)

>> തട്ടിക്കൊണ്ട് പോയ വ്യക്തിയെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ഏതൊരാളും ശിക്ഷിക്കപ്പെടും

ശിക്ഷ : 3-5 വർഷം വരെ കഠിന തടവും പിഴയും അല്ലെങ്കിൽ 5-7 വർഷം വരെ തടവ് ശിക്ഷയും  പിഴയും.

Previous Post Next Post